ലോകായുക്ത ഭേദഗതി; ന്യായീകരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് വിഡി സതീശന്‍

കൊച്ചി: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉളളതാണ്. സര്‍ക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്.

14ാം വകുപ്പ് പ്രകാരമായിരുന്നു മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്. കോടതികള്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആര്‍ട്ടിക്കിള്‍ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്‌സിക്യുട്ടീവ് അല്ലെന്നും ഇതിനെ ലംഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും ഭയപ്പെടുന്നു. കേസ് പരിഗണിക്കുന്നതിന് മുമ്പേ ലോകായുക്തയുടെ അധികാരം എടുത്ത് കളയുക മാത്രമാണ് ലക്ഷ്യം. മന്ത്രിസഭ അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം. അഴിമതി നിരോധന സംവിധാനങ്ങളെ സിപിഎം ഭയപ്പെടുകയാണ്.

അപ്പീല്‍ പോകാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റ്. ഹൈക്കോടതിയില്‍ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന് ഓര്‍ക്കണം. ജുഡീഷ്യല്‍ നടപടിയുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എങ്ങിനെ മാറുമെന്നും വി ഡി സതീശന്‍ ചോദിച്ചു. പ്രതിപക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Top