ലോകായുക്ത നിയമഭേദഗതി: സിപിഐയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ ബദൽ നിർദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തി. ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്താൻ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളിൽ നിയമസഭ തീരുമാനമെടുക്കും. മന്ത്രിമാർക്ക് എതിരെയുള്ള ഉത്തരവുകളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. എംഎൽഎമാർക്ക് എതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർ തീരുമാനമെടുക്കും.

സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ സഭയിൽ വെയ്ക്കും. ലോകായുക്തയുടെ റിപ്പോർട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സർക്കാരിന് അധികാരം നൽകിക്കൊണ്ടുള്ള ഭേദഗതി ഇന്ന് നിയമസഭയിൽ നിയമ മന്ത്രി പി രാജീവ് അവതരിപ്പിച്ചിരുന്നു.

ലോകായുക്ത അന്വേഷണ സംവിധാനം മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നും ബിൽ അവതരിപ്പിച്ച പി രാജീവ് പറഞ്ഞു. നിലവിലെ നിയമത്തിൽ ഒരിടത്തും ലോകായുക്തയെ ജ്യൂഡിഷ്യറിയെന്ന് വിവക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Top