തമിഴകത്തെ സുനാമിയിൽ തരിപ്പണമായി അണ്ണാ ഡി.എം.കെ, ചരിത്രം രചിച്ച് ഡി.എം.കെ

തമിഴകത്ത് തരംഗമായി പടര്‍ന്ന് ഡിഎംകെ മുന്നണി. അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം കടപുഴകി വീണിരിക്കുകയാണിപ്പോള്‍. എക്‌സിറ്റ് പോള്‍ പ്രവചനം പോലെ തന്നെ ഭൂരിപക്ഷ ലോക്‌സഭ സീറ്റുകളും ഡി.എം.കെ മുന്നണി തൂത്ത് വാരുന്ന സാഹചര്യമാണ് നിവലിലുള്ളത്. 22 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും തരംഗം പ്രകടമാണ്. പളനി സ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്.

ദ്രാവിഡ മണ്ണിലെ ഈ ചരിത്ര വിജയത്തിന് പിന്നില്‍ എം.കെ സ്റ്റാലിന്‍ എന്ന ശക്തനായ നേതാവാണ് . ഡി.എം.കെ സ്ഥാപകനും പിതാവുമായ കരുണാനിധിയുടെ വിയോഗത്തിന് ശേഷം ആദ്യമായി സ്റ്റാലിന്‍ പടനയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്.കരുണാനിധി മാത്രമല്ല, ജയലളിതയും അരങ്ങൊഴിഞ്ഞ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പിയും, പട്ടാളി മക്കള്‍ കക്ഷിയും, വിജയകാന്തിന്റെ ഡി.എം.ഡി.കെ ഉള്‍പ്പെടെ സകല പാര്‍ട്ടികളെയും കൂടെ കൂട്ടിയിട്ടും ജനം അണ്ണാ ഡി.എം.കെ മുന്നണിയെ കൈവിട്ടിരിക്കുകയാണ്.തങ്ങളുടെ രോഷം മുഴുവന്‍ തമിഴ് ജനത തീവ്രമായി തന്നെ രേഖപ്പെടുത്തിയതാണ് വലിയ വിജയത്തിലേക്ക് ഡി.എം.കെ മുന്നണിയെ കൊണ്ട് പോകുന്നത്. ഡി.എം.കെ മുന്നണിയില്‍ മത്സരിച്ച സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

സ്റ്റാലിനെ സംബന്ധിച്ച് മധുരമായ ഒരു പ്രതികാരം കൂടിയാണ് ഈ തകര്‍പ്പന്‍ മുന്നേറ്റം. സഹോദരന്‍ അഴഗിരി ഉയര്‍ത്തുന്ന വെല്ലുവിളി ഇനി ചായ കോപ്പയിലെ കൊടുങ്കാറ്റായി മാറും. ജയലളിതക്കും കരുണാനിധിക്കും ശേഷം തമിഴകം നയിക്കാന്‍ സ്റ്റാലിന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി കഴിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കളത്തില്‍ ഇറങ്ങും വരെ തമിഴക രാഷ്ട്രീയത്തില്‍ തല്‍ക്കാലം സ്റ്റാലിന് ഒത്ത മറ്റൊരു എതിരാളിയും ഉണ്ടാകാനിടയില്ല.


കമ്യൂണിസ്റ്റുകാരനല്ലെങ്കിലും കമ്യൂണിസ്റ്റു നേതാക്കളെ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി. അദ്ദേഹത്തിന്റെ മകന് സ്റ്റാലിന്‍ എന്ന് പേര് നല്‍കാന്‍ തന്നെ കാരണം മുന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആരാധന മൂലമാണ്. 1953 മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. സ്റ്റാലിന്‍ ജനിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ജോസഫ് സ്റ്റാലിന്‍ അന്തരിച്ചിരുന്നത്.

പിതാവിനെ പോലെ തന്നെ കടുത്ത നിരീശ്വരവാദിയായാണ് സ്റ്റാലിനും അറിയപ്പെടുന്നത്. മരണാനന്തരമുള്ള ലോകത്തിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്നതിനു പകരം ജീവിക്കുന്ന മണ്ണ് സ്വര്‍ഗ്ഗമാക്കാന്‍ ശ്രമിക്കുക എന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ഉപദേശമാണ് സ്റ്റാലിനും കരുണാനിധി പകര്‍ന്ന് നല്‍കിയത്.

പതിമൂന്ന് വയസ്സ് മാത്രമുള്ളപ്പോഴാണ് സ്റ്റാലിന്‍ രാഷ്ട്രീയ ഗോദായിലേക്കിറങ്ങിയത്. ഡി എം കെയില്‍ യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.1966 ല്‍ ഡി.എം.കെ. യുവജന വിഭാഗം രൂപീകരണ സമിതി അംഗമായി. 1967ല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ആദ്യ പ്രസംഗം നടത്തി. 1974ല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ അംഗമായി.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുബോള്‍ സ്റ്റാലിന് 22 വയസ്സാണ് പ്രായം. ഒരു കൊല്ലത്തോളം സ്റ്റാലിന്‍ ജയിലിലായി. ജയിലില്‍ വെച്ച് അദ്ദേഹം ക്രൂര മര്‍ദ്ദനത്തിനിരയായി. ഇതിനുശേഷം ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ യുവജന വിഭാഗത്തിന്റെ മുഖമായി സ്റ്റാലിന്‍ വളര്‍ന്നു വന്നു. 1983ല്‍ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായി. സംസ്ഥാനത്തുടനീളം പ്രവര്‍ത്തനങ്ങളുമായി കടന്നുചെന്ന കലൈഞ്ജറുടെ മകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാവായി അംഗീകരിച്ചു. അവിടെ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ജനപ്രതിനിധി എന്ന ചുമതലയിലേക്കുള്ള യാത്രയുടെ തുടക്കം.

1989 ല്‍ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996 ലും 2001 ലും 2006 ലും അവിടെ നിന്നു തന്നെ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 1991ല്‍ രാജീവ് വധത്തെതുടര്‍ന്നുള്ള സഹതാപതരംഗത്തില്‍ സ്റ്റാലിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2006 ല്‍ 53-ാം വയസ്സില്‍ മാത്രമാണ് സ്റ്റാലിനെത്തേടി മന്ത്രിപദവിയെത്തിയത്.

2009 ല്‍ പിതാവ് കലൈഞ്ജര്‍ക്കു കീഴില്‍ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി. അതിനും മുന്‍പ് 1996 ല്‍ സ്റ്റാലിന്‍ ചെന്നൈ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുത്ത ആദ്യ ചെന്നൈ മേയറായിരുന്നു സ്റ്റാലിന്‍. 2001 ലും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരാള്‍ക്ക് ഒരേ സമയം എംഎല്‍എയും മേയറുമാവാന്‍ പറ്റില്ലെന്ന പുതിയ നിയമം ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്നതോടെ സ്റ്റാലിന്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ കൊളത്തൂരില്‍ നിന്നാണ് ജയിച്ചുകയറിയത്.

ജാതീയതയും മതവിശ്വാസവും ശക്തമായി നിലനില്‍ക്കുന്ന തമിഴക മനസ്സില്‍ നിരീശ്വരവാദിയായ കരുണാനിധിക്ക് വലിയ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞത് ഒരു അത്ഭുതം തന്നെയായിരുന്നു. കമ്യൂണിസ്റ്റായില്ലെങ്കിലും ചുവപ്പിനോടുള്ള ആഭിമുഖ്യം ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചുവപ്പും കറുപ്പും ചേര്‍ന്ന കൊടിയാണ് ഡി.എം.കെ എന്ന പാര്‍ട്ടിക്കായി അദ്ദേഹം കണ്ടെത്തിയത്.കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഖ്യത്തിലാവാനും സഹകരിച്ച് പോവാനും കരുണാനിധി പരമാവധി ശ്രമിച്ചിരുന്നു.

സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിനും ഇത്തവണ പ്രചരണ രംഗത്ത് സജീവമായിരുന്നു. വലിയ ആള്‍ക്കൂട്ടം നടന്‍ കൂടിയായ ഉദയനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ച് കൂടിയിരുന്നു. സ്റ്റാലിന്റെ പിന്‍ഗാമിയായാണ് ഉദയനിധി സ്റ്റാലിന്‍ വിലയിരുത്തപ്പെടുന്നത്.

Top