രാജ്യത്തിന് നഷ്ടം; സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനമറിയിച്ചു

ramnath

ന്യൂഡൽഹി: ലോക്‌സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ മരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു.

പാർലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റർജിയെന്നും മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

കഠിനമായ ശ്വാസതടസത്തെത്തുടർന്നാണ് സോമനാഥ് ചാറ്റര്‍ജിയുടെ നില വഷളായത്. ജൂണിൽ അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നിരുന്നു. 2014 ൽ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും സംഭവിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായിരുന്ന അദ്ദേഹം 2004-2009 യുപിഎ സർക്കാരിന്റെ കാലത്താണ് ലോക്‌സഭാ സ്പീക്കറായിരുന്നത്. അഭിഭാഷകനായിരുന്ന ചാറ്റർജി 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1971ൽ സിപിഎം സ്വതന്ത്രനായി ലോക്‌സഭയിലെത്തി.

1971 മുതൽ 2009 വരെയുള്ള നീണ്ട കാലയളവിൽ 10 തവണ അദ്ദേഹം പാർലമെന്റിൽ എത്തിയിട്ടുണ്ട്. അതിനിടെയിൽ 1984ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. മമത ബാനർജിയാണ് അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1996ൽ മികച്ച പാർലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റർജിയ്ക്ക് ലഭിച്ചു.

2004ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ ചാറ്റർഡി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്‌ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റർജി.

Top