ബി​ഹാ​റി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സീ​റ്റി​ല്‍ ധാ​ര​ണ​യാ​യി; ആ​ര്‍​ജെ​ഡി​ക്ക് 20, കനയ്യകുമാറിന് സീറ്റില്ല

ന്യൂഡല്‍ഹി : ബിഹാറിൽ മഹാസഖ്യത്തിന്‍റെ സീറ്റ് വീതംവയ്പ്പിൽ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. പാറ്റ്‌നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉപേന്ദ്ര കുശ്വാവാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) അഞ്ച് ഇടത്തും മുകേഷ് സാഹ്നിയുടെ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് സീറ്റിലും മത്സരിക്കും. കുശ്വാവാഹയുടെ ആര്‍എല്‍എസ്പി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു.

കനയ്യകുമാര്‍ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തിൽ ഉള്‍പ്പെടുത്തിയില്ല.

മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച മൂന്നു മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ മുന്‍ നേതാവ് ശരത് യാദവ് ഇത്തവണ ആര്‍ജെഡി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ ലാലുവിന്റെ ആര്‍ജെഡിയില്‍ ലയിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മഹാസഖ്യത്തിലെ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ പ്രമുഖ നേതാക്കളായ തേജസ്വി യാദവ്, ഉപേന്ദ്ര കുശ്വാവാഹ, ശരത് യാദവ്, ജിതിന്‍ റാം മാഞ്ജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയില്ല.

Top