പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കി ലോക്‌സഭ

Loksabha

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കി ലോക്സഭ. കര്‍ഷക വിരുദ്ധമായ ബില്ലുകളാണെന്ന് കണ്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ ഒന്നും വകവെയ്ക്കാതെയാണ് ലോക്‌സഭ ഇപ്പോള്‍ ബില്ലുകള്‍ പാസ്സാക്കിയിരിക്കുന്നത്. സംഭവത്തില്‍, കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിര്‍ത്തു.

ഇന്നലെ കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചിരുന്നു.കര്‍ഷകരുടെ മകളായും സഹോദരിയായും ഒപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രതികരിച്ചു.

ആകാശവും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് ഇടത് എംപിമാര്‍ ആരോപിച്ചു. കോണ്‍ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി.
ഭരണപക്ഷത്തെ ശിരോമണി അകാലിദളും കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അകാലിദള്‍ കേന്ദ്രമന്ത്രിസഭ വിട്ടത്.

Top