മുത്തലാഖ് ബില്‍; പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് കെ ടി ജലീല്‍

kt jaleel

മലപ്പുറം: ലോക്‌സഭയിൽ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചർച്ച നടന്നപ്പോൾ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി കെ ടി ജലീൽ.

ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമാണെന്നും ബിസിനസിലാണ് താൽപര്യമെങ്കിൽ കുഞ്ഞാലിക്കുട്ടി അതാണ് ചെയ്യേണ്ടതെന്നും മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ പണ്ട് മഞ്ചേരിയിൽ തോറ്റ കെ പി എ മജീദിന്റെ അനുഭവം ഉണ്ടാവുമെന്നും ജലീൽ പറഞ്ഞു.

മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ ഇല്ലാതിരുന്നത് വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചർച്ചയിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. എന്നാൽ ദിവസങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണ് പാർലമെന്റിലെ മുത്തലാഖ് ചർച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചർച്ചയും വോട്ടെടുപ്പും നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം.

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ബില്ല് ലോക്‌സഭയിൽ പാസായത്. ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ രണ്ടാം തവണയും ബിൽ ലോക്‌സഭയിൽ പാസാക്കുകയായിരുന്നു.

Top