മുത്തലാഖ് വിവാദം; തത്പരകക്ഷികളുടെ കുപ്രചരണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുത്തലാഖ് വിവാദത്തില്‍ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്നും ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.

ഇ.ടി.മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമായിരുന്നെന്നും ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനമെന്നും അത്യാവശ്യമുള്ളതിനാലാണ് ലോക്‌സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്നാണ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞത്.

ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമാണെന്നും ബിസിനസിലാണ് താല്‍പര്യമെങ്കില്‍ കുഞ്ഞാലിക്കുട്ടി അതാണ് ചെയ്യേണ്ടതെന്നും മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പണ്ട് മഞ്ചേരിയില്‍ തോറ്റ കെ പി എ മജീദിന്റെ അനുഭവം ഉണ്ടാവുമെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ഇല്ലാതിരുന്നത് വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു

Top