രാഹുൽ ഗാന്ധിക്ക് വീടൊഴിയാൻ നോട്ടീസ് നൽകി ലോക്സഭ

ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാക്കപ്പെടും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നാണ് വ്യവസ്ഥ. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോൾ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി ശിക്ഷ മാത്രമാണ് സ്റ്റേ ചെയ്യുന്നതെങ്കിൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം നഷ്ടമാകും. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള നടപടി തുടങ്ങാം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാക്കിയ വിധി നേരത്തെ ഹൈക്കോടതി പൂർണ്ണായും സ്റ്റേ ചെയ്തിരുന്നു. അതിനാൽ മേൽക്കോടതിയിൽ അനുകൂല നിലപാടുണ്ടാകും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.

Top