ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍.

ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാന്‍ ജില്ലകളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങള്‍ പൂര്‍ണമാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ അവസാന ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവല്‍ക്കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പ്രശ്ന സാധ്യത ബൂത്തുകള്‍ നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യങ്ങള്‍, ബൂത്തുകള്‍, വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ്ങ് റൂം, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ വിശദീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡല പരിധിയില്‍ത്തന്നെ നിയമിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായ വി. ആര്‍. പ്രേംകുമാര്‍, സി. ഷര്‍മിള, കൃഷ്ണദാസ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top