ലോക്‌സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിനു പരിധിയില്‍ത്തന്നെ നിയമിക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇതുസംബന്ധിച്ച് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്തു മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്നു കമ്മീഷന്‍ നേരത്തേ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്കു സ്ഥലം മാറ്റുമ്പോള്‍ അതേ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണു നിര്‍ദേശം.

സംസ്ഥാനത്തും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് എം. കൗള്‍ അറിയിച്ചു.

Top