ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം. പത്തനംതിട്ടയില്‍ നായര്‍ സ്ഥാനാര്‍ഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍, ഇവിടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ബുധനാഴ്ചയാണ് പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നത്. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പി സി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയനേതൃത്വത്തിനുള്ളത്.

അടുത്തിടെ പാര്‍ട്ടിയിലെത്തിയ പി സി ജോര്‍ജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുന്‍?ഗണന നല്‍കുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിര്‍ദേശിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാല്‍ പി സി ജോര്‍ജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരിഗണിക്കും. ഷോണ്‍ ജോര്‍ജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്.

Top