ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുൻപായി പിണറായിയെ തെറുപ്പിക്കാൻ കേന്ദ്ര സർക്കാർ

PINARAYI VIJAYAN

ന്യൂഡല്‍ഹി: ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ തെറുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ വൈകിയാണെങ്കിലും സി.ബി.ഐ ഇപ്പോള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. സുപ്രീം കോടതിയുടെ പരിഗണനയില്‍ വിഷയം വന്നിട്ട് ഏറെ നാളായെങ്കിലും ഇതുവരെ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐ തയ്യാറായിരുന്നില്ല. കേരളത്തിലെ ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ ശക്തമായി ഇടപെട്ടിട്ടും ഈ ‘ഒളിച്ചു കളി’ തുടരുകയായിരുന്നു.

എന്തുകൊണ്ടാണ് സി.ബി.ഐ സത്യവാങ്മൂലം കൊടുക്കാന്‍ വൈകുന്നതെന്ന ചോദ്യത്തിന് ബി.ജെ.പി നേതൃത്വം പലപ്പോഴും പതറിയിരുന്നു. തുടര്‍ന്ന്, ഉന്നത ആര്‍.എസ്.എസ് നേതാവ് ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന സി.ബി.ഐ വാദം സുപ്രീം കോടതി അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സി.പി.എം കേന്ദ്ര നേതൃത്വം അദ്ദേഹത്തെ മാറ്റുമെന്നാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ കരുതുന്നത്. ഇത് കേരളത്തില്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുമെന്നും അധികാര വടംവലിക്ക് തന്നെ കാരണമാകുമെന്നുമാണ് കണക്ക് കൂട്ടല്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയാല്‍ പകരം ആ സ്ഥാനത്ത് അവരോധിക്കപ്പെടാന്‍ ‘ ശേഷിയുള്ള’ നേതാവ് ഇപ്പോള്‍ നിയമസഭയില്‍ ഇല്ല എന്നത് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാഴ്ചപ്പാടും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

മന്ത്രി സ്ഥാനത്ത് നിന്നും സി.പി.എം പുറത്താക്കിയ ഇ.പി ജയരാജന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്ക്, എ.കെ ബാലന്‍, കെ.കെ.ശൈലജ എന്നിവരാണ് ഉന്നത പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ പാര്‍ട്ടി എം.എല്‍.എമാര്‍. മുന്‍ മുഖ്യമന്ത്രി വി.എസ് ഇപ്പോഴും കര്‍മ്മനിരതനായി ഉണ്ടെങ്കിലും ഒരു കാരണവശാലും ഇനി പരിഗണിക്കപ്പെടാന്‍ സാധ്യതയുമില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മറ്റൊരു പി.ബി അംഗമായ എം.എ ബേബിക്കോ അവസരം ലഭിക്കണമെങ്കില്‍ തന്നെ ഏതെങ്കിലും എം.എല്‍.എയെ രാജി വയ്പിക്കേണ്ടി വരും. കോടിയേരിക്ക് പഴയ ഇമേജ് ഇല്ലാത്തത് ‘പരിഗണന’ക്ക് തടസ്സമാകുമെന്നും സംഘപരിവാര്‍ കണക്ക് കൂട്ടുന്നു. ഇക്കാര്യങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തിയാണ് പിണറായി വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടാകുന്നത് സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രശ്‌നത്തിലേക്ക് സി.പി.എമ്മിനെ കൊണ്ടെത്തിക്കുമെന്ന് കാവിപ്പട ഉറപ്പിക്കുന്നത്. ഇത് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. ലാവ്‌ലിന്‍ കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി കാനഡയിലുള്ളപ്പോഴാണു കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമായ നഷ്ടമാണ് ഈ കരാറിലൂടെ കെഎസ്ഇബിക്കുണ്ടായത്. എസ്എന്‍സി ലാവലിനാണ് വലിയ ലാഭമുണ്ടാക്കിയത്. ഇക്കാര്യങ്ങളെല്ലാമാണ് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Top