ലോക്സഭ തിരഞ്ഞെടുപ്പ്; ആറ് മണ്ഡലങ്ങളിൽ സ്വരാജിനെ ആഗ്രഹിച്ച് ഇടതുപക്ഷ പ്രവർത്തകർ, വന്നാൽ വേഗതയേറുമെന്ന് !

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും രാഷ്ട്രീയ പാർട്ടികൾ ശക്തമായ നീക്കത്തിനാണ് ഒരുങ്ങുന്നത്. ഇത്തവണയും ശക്തമായ ത്രികോണ മത്സരത്തിനു തന്നെയാണ് സാധ്യത തെളിയുന്നത്. 5 സീറ്റുകളിൽ വിജയലക്ഷ്യവുമായി രംഗത്തിറങ്ങുന്ന ബി.ജെ.പി ഇത്തവണ രണ്ടു സീറ്റുകളിലാണ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. അതാകട്ടെ തൃശൂരും തിരുവനന്തപുരവുമാണ്. 2024-ലും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലങ്കിൽ കേരളത്തിലെ ബി.ജെ.പി ഘടകം തന്നെ കേന്ദ്ര നേതൃത്വത്തിനു പിരിച്ചു വിടേണ്ടി വന്നേക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ തൃശൂർ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സുരേഷ് ഗോപിയിലൂടെ തൃശൂർ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നു വന്ന തിരുവനന്തപുരത്തും ഭൗതിക സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നതാണ് ബി.ജെ.പി വാദം. അവസാന നിമിഷം ശശിതരൂരിനെ തന്നെ കളം മാറ്റി ബി.ജെ.പി മത്സരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. കോൺഗ്രസ്സിൽ നിന്നും അവഗണന നേരിടുന്ന തരൂർ കളം മാറാൻ തീരുമാനിച്ചു കഴിഞ്ഞാൽ വലിയ വാഗ്ദാനങ്ങൾ നൽകിയാകും ബി.ജെ.പി സ്വീകരിക്കുക.

ലോകസഭയിൽ സീറ്റുകൾ നേടുക എന്നതിനപ്പുറം വോട്ട് ഷെയർ ഗണ്യമായി വർദ്ധിപ്പിക്കുക എന്നതും ബി.ജെ.പി കേന്ദ്ര നേതൃത്വം കേരള ഘടകത്തിനു നൽകിയിരിക്കുന്ന ടാർഗറ്റ് ആണ്. കേരളത്തിലെ 20 ലോകസഭ സീറ്റുകളിൽ 19 സീറ്റുകളിലും കഴിഞ്ഞ തവണ വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർഥികളാണ്. ഇതിൽ പൊന്നാനി, മലപ്പുറം സീറ്റുകളിൽ മുസ്ലീംലീഗും കൊല്ലം സീറ്റിൽ ആർ.എസ്. പി യും കോട്ടയം സീറ്റിൽ കേരള കോൺഗ്രസ്സുമാണ് വിജയിച്ചിരിക്കുന്നത്. ബാക്കി 15 സീറ്റുകളിലും കോൺഗ്രസ്സാണ് വിജയിച്ചത്.

കേരള കോൺഗ്രസ്സ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനാൽ ഇത്തവണ കോട്ടയം സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് ശക്തിയില്ലാത്തതിനാൽ അവർക്ക് സീറ്റ് വിട്ടു നൽകരുതെന്നതാണ് കോട്ടയം ഡി.സി.സിയുടെ അഭിപ്രായം. ഇക്കാര്യം ജില്ലാ നേതാക്കൾ കെ. പി.സി.സി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. അതേസമയം ഇടതുപക്ഷത്ത് എത്തിയ കേരള കോൺഗ്രസ്സിനു തന്നെ കോട്ടയം സീറ്റ് വിട്ടു നൽകാനാണ് സി.പി.എം തീരുമാനം. ഇക്കാര്യത്തിൽ മുന്നണി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക. രണ്ടു ലോകസഭസീറ്റുകൾ കേരള കോൺഗ്രസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.

സി.പി.ഐ പതിവു പോലെ നാലു സീറ്റുകളിൽ മത്സരിക്കും. അവർ കഴിഞ്ഞ തവണ മത്സരിച്ച തൃശൂർ, തിരുവനന്തപുരം, മാവേലിക്കര, വയനാട് സീറ്റുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. മുൻ മന്ത്രി വി.എസ് സുനിൽകുമാർ തൃശൂരിൽ മത്സരിച്ചാൽ ഇത്തവണ വിജയ സാധ്യത ഉണ്ടെന്നതാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സി.പി.ഐ നേതൃത്വം തന്നെയാണ്. മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് കണ്ടെത്തേണ്ടതെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത് ഇതു സംബന്ധമായ പാർട്ടി നിലപാട് സി.പി.ഐ നേതൃത്വത്തോട് സി.പി.എം. നേതൃത്വം വ്യക്തമാക്കും.

ഇരു കമ്യൂണിസ്റ്റു പാർട്ടികൾക്കും ജീവൻമരണ പോരാട്ടമായതിനാൽ മികച്ച സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സാധ്യതയില്ല. ഘടക കക്ഷികൾക്കായി 5 സീറ്റുകൾ നീക്കിവച്ച് ബാക്കി വരുന്ന 15 സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുക. ഇതിൽ പൊതു സമ്മതരായ സ്വതന്ത്രരും ഉൾപ്പെടും. പൊന്നാനിയിൽ ഉൾപ്പെടെ ഭൂരിപക്ഷ ലോകസഭ മണ്ഡലങ്ങളിലും ഇത്തവണ വലിയ അട്ടിമറി നടക്കുമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. അവരുടെ കണക്കു കൂട്ടലിൽ മലപ്പുറം, വയനാട്, എറണാകുളം മണ്ഡലങ്ങൾ ഒഴികെ ബാക്കി 17 സീറ്റുകളിലും ഇടതുപക്ഷത്തിനാണ് വിജയ സാധ്യത ഉള്ളത്. വിജയം ഉറപ്പു വരുത്താൻ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർത്ഥികളെ തന്നെ കണ്ടെത്തുവാനാണ് ശ്രമം.

ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ലങ്കിലും ഏറ്റവും കൂടുതൽ സി.പി.എം ഘടകങ്ങൾ ആഗ്രഹിക്കുന്നത് ഒരു യുവ സ്ഥാനാർത്ഥിയെയാണ്. അത് മറ്റാരുമല്ല സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിനെയാണ്. യു.ഡി.എഫ് കോട്ടകളെ തകർത്ത് മണ്ഡലം പിടിച്ചെടുക്കാൻ സ്വരാജ് വന്നാൽ വേഗത ഏറുമെന്നതാണ് പാർട്ടി പ്രവർത്തകരുടെയും വികാരം. ഇത്തരമൊരു ആവശ്യം പ്രവർത്തകരുടെ ഭാഗത്ത് ശക്തമായ മണ്ഡലങ്ങളിൽ വടകരയും, കണ്ണൂരും, കാസർഗോഡും, പാലക്കാടും മാത്രമല്ല കൊല്ലവും ഉൾപ്പെടും. ഈ ലോകസഭ മണ്ഡലങ്ങളിലെ ആദ്യ ചോയ്സ് സ്വരാജ് ആയിരിക്കണമെന്നതാണ് നേതാക്കൾക്കു മുന്നിൽ അണികൾ വയ്ക്കുന്ന ആവശ്യം.

സി.പി.എമ്മിന്റെ സംഘടനാ രീതി പ്രകാരം ജില്ലാ ഘടകങ്ങൾ ഉൾപ്പെടെ നിർദ്ദേശിക്കുന്ന പേരുകൾ സംസ്ഥാന ഘടകം ചർച്ച ചെയ്ത് കേന്ദ്ര കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക. പ്രവർത്തകരുടെയും പൊതു സമൂഹത്തിന്റെയും അഭിപ്രായങ്ങൾക്കു പുറമെ വിജയ സാധ്യത കൂടി കണക്കിലെടുത്താണ് പ്രഖ്യാപനം ഉണ്ടാകുക. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ എം.സ്വരാജ് ഉൾപ്പെടെ കൂടുതൽ ചെറുപ്പക്കാർ ഇടംപിടിക്കാനുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ്.

EXPRESS KERALA VIEW

Top