ലോകസഭ തിരഞ്ഞെടുപ്പ്; സി.പി.എം ഉന്നത നേതാക്കളും മത്സരിച്ചേക്കും, കേന്ദ്രകമ്മറ്റി തീരുമാനമെടുക്കും

ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മത്സര രംഗത്ത് ഇത്തവണ പ്രമുഖ നേതാക്കളെ തന്നെ കമ്യൂണിസ്റ്റു പാർട്ടികളും രംഗത്തിറക്കും. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ പാർട്ടികളാണ് പ്രധാന നേതാക്കളെ കളത്തിലിറക്കാൻ നീക്കം നടത്തുന്നത്. ത്രിപുരയിൽ നിന്നും ആകെയുള്ള രണ്ടു സീറ്റുകളിൽ ഒന്നിൽ മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തന്നെ മത്സരിക്കാനാണ് സാധ്യത. സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ മണിക് സർക്കാറിന് ഇന്നും ത്രിപുരയിൽ വലിയ സ്വാധീനമാണ് ഉള്ളത്.

കഴിഞ്ഞ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ 32 സീറ്റിൽ വിജയിച്ചാണ് ബി.ജെ.പി തുടർഭരണം നേടിയിരുന്നത്. ഏകദേശം 39 ശതമാനമാണ് അവരുടെ വോട്ട് വിഹിതം. തിപ്രമോത പാർട്ടി 13 സീറ്റുകൾ നേടിയപ്പോൾ സി.പി.എമ്മിനു ലഭിച്ചത് 11 സീറ്റുകളാണ്. കോൺഗ്രസിന് മൂന്ന് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരക്കും ഒരു സീറ്റിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ കൃത്യമായി വിഭജിക്കപ്പട്ടതു കൊണ്ടാണ് തുടർ ഭരണം അവർക്കു സാധ്യമായിരുന്നത്. എന്തിനേറെ തൃണമൂൽ കോൺഗ്രസ്സിന്റെ വോട്ടുകൾ പോലും ത്രിപുരയിൽ ബി.ജെ.പിക്കാണ് ലഭിച്ചിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ത്രിപുരയിലെ 60 ശതമാനം ജനങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന കണക്കുകളിലാണ് ഇത്തവണ സി.പി.എം പ്രതീക്ഷ വയ്ക്കുന്നത്. മസിൽ പവറും മണി പവറും വലിയ വിഭാഗം മാധ്യമങ്ങളും ബി.ജെ.പിക്കൊപ്പമാണെങ്കിലും ലോകസഭ തിരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

മണിക് സർക്കാറിനെ പോലെയുള്ള ഒരു ജനകീയ കമ്യൂണിസ്റ്റ് മത്സരിച്ചാൽ മത്സരം കടുപ്പമാകുമെന്ന കണക്ക് കൂട്ടൽ ബി.ജെ.പി നേതൃത്വത്തിനുമുണ്ട്. അവരത് പരസ്യമായി പറയുന്നില്ലന്നു മാത്രം. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന നിലയിലാണ് മുൻപ് മണിക്ക് സർക്കാർ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ആ കസേര ഇല്ലാതായിട്ടും തന്റെ ജീവിത ശൈലിയിൽ ഇതുവരെ ഈ കമ്യൂണിസ്റ്റ് മാറ്റം വരുത്തിയിട്ടില്ല. രാഷ്ട്രീയ എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മണിക് സർക്കാറിനെ ബഹുമാനിക്കുന്നതും അദ്ദേഹത്തിന്റെ ഈ ലാളിത്വം കൊണ്ടാണ്.

1998- ൽ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മണിക് സർക്കാരിന്റെ പ്രായം 49 വയസ്സായിരുന്നു. സ്വന്തമായി കാറോ സ്വത്തുക്കളോ ഇല്ലാത്ത ദരിദ്രനായ മുഖ്യമന്ത്രി ആയി തുടങ്ങിയ അദ്ദേഹത്തിൽ നിന്നും രണ്ട് പതിറ്റാണ്ടിനു ശേഷം അധികാരം നഷ്ടപ്പെട്ടപ്പോഴും അതേ അവസ്ഥ തന്നെയാണ് ഉണ്ടായിരുന്നത്. മണിക് സർക്കാറിന്റെ ബാങ്ക് ബാലൻസിന്റെ ദയനീയ അവസ്ഥ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയാണ് വലിയ രൂപത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടുന്ന ശമ്പളം പാർട്ടി ഫണ്ടിലേക്ക് സംഭവാന ചെയ്യുന്ന മണിക് സർക്കാർ പാർട്ടി നൽകിയിരുന്ന പതിനായിരത്തോളം രൂപയാണ് വ്യക്തിപരമായ ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമായി കാറോ മറ്റ് സ്വത്തുക്കളോ ഇല്ലന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്.

മുഖ്യമന്ത്രിയുടെ ഭാര്യ ആയിരുന്നപ്പോഴും അതല്ലാതിരുന്നപ്പോഴും മണിക് സർക്കാറിന്റെ ജീവിത പങ്കാളി പാഞ്ചാലി ഭട്ടാചാര്യ യാത്രകൾക്ക് അധികവും റിക്ഷകളെയാണ് ആശ്രയിക്കാറുള്ളത് എന്നതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. ഭർത്താവിന്റെ ജീവിതരീതി 100 ശതമാനവും സ്വന്തം ജീവിതത്തിൽ പകർത്തിയ ഒരു ഭാര്യയായിരുന്നു അവർ. രാഷ്ട്രീയത്തിലെ മാതൃക ആരെന്ന് ചോദിച്ചാൽ രാജ്യത്തെ ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും ഇന്നും ചൂണ്ടിക്കാണിക്കാൻ പറ്റുന്നു ഉദാഹരണമാണ് മണിക് സർക്കാർ. അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും പേരിനൊപ്പം തന്നെ ഒരു സർക്കാറിനെ കൊണ്ടു നടക്കുന്ന ഈ കമ്യൂണിസ്റ്റുകാരനെ ശത്രുക്കൾ ഭയക്കുക തന്നെ വേണം.

മണിക് സർക്കാറിനെ പോലെയുള്ള ഒരു നേതാവ് പാർലമെന്റിൽ സി.പി.എമ്മിന് ഉണ്ടായാൽ അത് രാഷ്ട്രീയ എതിരാളികളുടെ ഉറക്കമാണ് കെടുത്തുക. ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാനും ലോകസഭയിലെ മണിക് സർക്കാറിന്റെ സാന്നിധ്യം സഹായകരമാകും. ഇത് തിരിച്ചറിഞ്ഞ ഒരു സ്ഥാനാർത്ഥി പ്രഖ്യാപനമാകും സി.പി.എമ്മിൽ നിന്നും ഉണ്ടാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കേരളത്തിൽ നിന്നാണ് ഇത്തവണ കൂടുതൽ സീറ്റുകൾ സി.പി.എം പ്രതീക്ഷിക്കുന്നതെങ്കിലും ബംഗാളിലും അവർ പ്രതീക്ഷ കൈവിട്ടിട്ടില്ല. മെച്ചപ്പെട്ട പ്രകടനം ഇത്തവണ ബംഗാളിലും ഉണ്ടാകുമെന്നാണ് സി.പി.എം കരുതുന്നത്. അതിനാവശ്യമായ മികച്ച സ്ഥാനാർത്ഥി പട്ടികക്കാണ് ബംഗാൾ ഘടകവും രൂപം കൊടുക്കുന്നത്. അന്തിമ തീരുമാനം സി.പി.എം കേന്ദ്രകമ്മറ്റിയാണ് എടുക്കുക.

‘ഇന്ത്യാ’ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിൽ ത്രിണമൂൽ കോൺഗ്രസ്സുമായി ഒരു ധാരണയ്ക്കും തയ്യാറല്ലന്നും സി.പി.എം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ്സ് ത്രിണമൂലുമായി ചേർന്നാൽ അതോടെ കോൺഗ്രസ്സിന്റെ അവശേഷിക്കുന്ന സ്വാധീനം കൂടി ഇല്ലാതാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. കേരളം, ബംഗാൾ, ത്രിപുര സംസ്ഥാനങ്ങൾക്കു പുറമെ ഇടതുപക്ഷവും സി.പി.എമ്മും വിജയ പ്രതീക്ഷ പുലർത്തുന്ന പ്രധാന സംസ്ഥാനങ്ങൾ ബീഹാറും മഹാരാഷട്രയുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ബീഹാറിൽ നിന്നും ലോകസഭ അംഗങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇടതു പാർട്ടികൾ കരുതുന്നത്.

സി.പി.ഐ എം.എൽ, സി.പി.എം , സി.പി.ഐ പാർട്ടികൾക്ക് ബീഹാറിലെ ചില മേഖലകളിൽ നല്ല സ്വാധീനമാണുള്ളത്. അതു കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഭൂരിപക്ഷ സീറ്റുകളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ആർ.ജെ.ഡിയും ഇടതുപക്ഷവും പിന്തുണച്ചിട്ടു പോലും മത്സരിച്ച ഭൂരിപക്ഷ സീറ്റുകളിലും ദയനീയ തോൽവിയാണ് കോൺഗ്രസ്സിനു സംഭവിച്ചിരിക്കുന്നത്. ഈ തോൽവി ലോകസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും കോൺഗ്രസ്സിനാണ് ഇനി തിരിച്ചടിയാകുക. കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ ആർ.ജെ.ഡി എന്തായാലും തയ്യാറാകാൻ സാധ്യതയില്ല.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇടതുപക്ഷത്തിനെ കാര്യമായി തന്നെ ആർ.ജെ.ഡിക്ക് പരിഗണിക്കേണ്ടി വരും. ‘ഇന്ത്യാ’ സഖ്യത്തിന്റെ ഭാഗമായതിനാൽ കോൺഗ്രസ്സിനും പിടിവാശി പിടിക്കാൻ കഴിയുകയില്ല. സമാനമായ സാഹചര്യമാണ് മഹാരാഷ്ട്രയിലും ഉള്ളത്. എൻ.സി.പിയുടെ പ്രബല വിഭാഗം ബി.ജെ.പിക്കൊപ്പം പോയതിനാൽ ‘ഇന്ത്യാ’ സഖ്യത്തിൽ നിന്നും സീറ്റു വിഭജനത്തിൽ എൻ.സി.പിക്ക് വലിയ പരിഗണന ലഭിക്കാൻ സാധ്യത കുറവാണ്. അതേസമയം ചുരുങ്ങിയത് രണ്ട് സീറ്റെങ്കിലും സി.പി.എമ്മിന് വിട്ടു നൽകേണ്ടിയും വരും.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തോടെ മഹാരാഷ്ട്രയിലെ അവഗണിക്കാനാവാത്ത ശക്തിയായി സി.പി.എം മാറിക്കഴിഞ്ഞു. സി.പി.എം. കർഷക സംഘടനയായ ‘അഖിലേന്ത്യാ കിസാൻ സഭയ്ക്ക്’ മഹാരാഷ്ട്രയിലുള്ള സ്വാധീനം വളരെ ശക്തമാണ്. കർഷകർക്കിടയിൽ ശക്തമായ അടിത്തറയും കിസാൻ സഭക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും സി.പി.എമ്മിനെ ‘ഇന്ത്യാ’ സഖ്യത്തിന് പരിഗണിക്കേണ്ടി വരും. യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോകസഭ സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ മുന്നേറ്റം നടത്തേണ്ടത് ബി.ജെ.പിയെ പോലെ തന്നെ പ്രതിപക്ഷ പാർട്ടികൾക്കും നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. അതു കൊണ്ടു തന്നെ വലിയ പിടിവാശിക്ക് നിൽക്കാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ‘ഇന്ത്യാ’ സഖ്യവും ശ്രമിക്കുക.

ജമ്മു കശ്മീരിലെ മുൻ സി.പി.എം എം.എൽ.എ ആയ മുഹമ്മദ് യൂസഫ് തരിഗാമിയെ ഇത്തവണ ലോകസഭയിൽ എത്തിക്കണമെന്ന ആഗ്രഹം സി.പി.എം നേതൃത്വത്തിലുണ്ട്. ഇക്കാര്യത്തിലും ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം നിർണ്ണായക ഘടകമാകും. മുൻ കോൺഗ്രസ്സ് നേതാവായ ഗുലാം നബി ആസാദ് ബി.ജെ.പി പിന്തുണയോടെ ജമ്മു കശ്മീരിൽ നിന്നും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അതിനെ ചെറുക്കാൻ തരിഗാമി എന്ന ഓപ്ഷനിലേക്ക് ഇന്ത്യാ സഖ്യം പോയാലും അത്ഭുതപ്പെടാനില്ല. സി.പി.എം സ്ഥാനാർത്ഥിയായി ഒറ്റയ്ക്ക് മത്സരിച്ച് നാല് തവണയാണ് ജമ്മു കശ്മീർ നിയമസഭയിലേക്ക് തരിഗാമി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കശ്മീർ ഭീകരരുടെ വധശ്രമങ്ങളെ ഏറ്റവും കൂടുതൽ അതിജീവിച്ച രാഷ്ട്രീയ നേതാവും ഈ കമ്യൂണിസ്റ്റു തന്നെയാണ്. . .

EXPRESS KERALA VIEW

Top