ലോകസഭ തിരഞ്ഞെടുപ്പ്; മലബാറിലെ നാല് മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സി.പി.എം, ജനകീയ മുഖങ്ങൾ പരിഗണനയിൽ!

ടക്കന്‍ കേരളത്തില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ലോകസഭ മണ്ഡലങ്ങളാണ് കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങള്‍. ഇടതുപക്ഷത്തിന് വ്യക്തമായി പറഞ്ഞാല്‍ സി.പി.എമ്മിന്, വലിയ ശക്തിയുളള ഈ മണ്ഡലങ്ങളില്‍ വിജയിക്കുക എന്നത് ഇത്തവണ സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഈ നാല് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 11 സീറ്റുകളെങ്കിലും ഇടതുപക്ഷത്തിനു ലഭിക്കുമായിരുന്നു എന്നാണ് സി.പി.എം. വിലയിരുത്തുന്നത്.

2024 – ലെ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ പോലും 20 -ല്‍ 15-ല്‍ കുറയത്ത സീറ്റുകള്‍ ഇടതുപക്ഷത്തിനു ലഭിക്കുമെന്നാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്. അതില്‍ ഈ നാല് മണ്ഡലങ്ങളും ഉള്‍പ്പെടും. കഴിഞ്ഞതവണ പറ്റിയ അബദ്ധം ഇത്തവണത്തെ വേട്ടെടുപ്പില്‍ ജനങ്ങള്‍ തിരുത്തുമെന്നു തന്നെയാണ് ചുവപ്പിന്റെ പ്രതീക്ഷ.

1989- മുതല്‍ സി.പി.എം. സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നിരുന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ രാജ് മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചത് 40,438 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ലഭിച്ചതാകട്ടെ 1,76,049 വോട്ടുകളുമാണ്. ഉണ്ണിത്താന് 43.18% വോട്ട് ഷെയര്‍ ലഭിച്ചപ്പോള്‍ സി.പി.എമ്മിലെ സതീശ് ചന്ദ്രന് 39.5% വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായിരിക്കും കാസര്‍ഗോഡ്. സി.പി.എമ്മിനെ സംബന്ധിച്ച് നഷ്ടപ്പെട്ട ചെങ്കോട്ട തിരിച്ചു പിടിക്കുക എന്നത് അനിവാര്യമായ കാര്യം തന്നെയാണ്. അതിനുവേണ്ടി ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ സി.പി.എം രംഗത്തിറക്കും.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍,കല്യാശ്ശേരി നിയമസഭാമണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കാസര്‍ഗോഡ് ലോകസഭാ മണ്ഡലം. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുവനേതാവായ പി.പി.പി. മുസ്തഫയെ ഇടതുപക്ഷം രംഗത്തിറക്കുമെന്നു കേള്‍ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്ന സാധ്യത മറ്റൊന്നാണ്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ ടി.വി രാജേഷ് മത്സരിക്കാനുള്ള സാധ്യതയാണ് അവര്‍ കാണുന്നത്. രാജേഷ് രണ്ടു തവണ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട കല്യാശ്ശേരി മണ്ഡലം, കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് രാജേഷിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയും കല്യാശ്ശേരി ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അതിനാല്‍ അവര്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. സി.പി.എമ്മിലെ പ്രധാന ജനകീയ മുഖമായ ടി.വി രാജേഷിനെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലേക്കു സി.പി.എം. പരിഗണിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണയെന്നതു യു.ഡി.എഫ് നേതാക്കള്‍ക്കും നന്നായി അറിയാം. കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താനും നിലവില്‍ വലിയ ആശങ്കയിലാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം നിയമസഭാ സീറ്റ് ഉറപ്പ് നല്‍കിയാല്‍ ഇത്തവണ ഉണ്ണിത്താന്‍ മാറി നില്‍ക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വരുന്നുണ്ട്.

കണ്ണൂര്‍ സിറ്റിംഗ് എം.പി സുധാകരനും നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പ്പര്യമുള്ളത്. ഹൈക്കമാന്റ് ശക്തമായി ആവശ്യപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഇനി മാറ്റം വരികയൊള്ളൂ. 2019 – ലെ തിരഞ്ഞെടുപ്പില്‍ 94,599 വോട്ടിന്റെ ഭൂരിപക്ഷമാണ് കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ നിന്നും സുധാകരന്‍ നേടിയിരുന്നത്. സുധാകരന് ആകെ 5,29,741 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയ്ക്കു ലഭിച്ചത് 4,35,182 വോട്ടുകളാണ്. ബി.ജെ.പിക്ക് ഈ ലോകസഭ മണ്ഡലത്തില്‍ നിന്നും കേവലം 68,509 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ഇതിനു ഒരുകാരണം ബി.ജെ.പി സുധാകരന് വോട്ടുകള്‍ മറിച്ചതു കൊണ്ടാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ധര്‍മ്മടം, മട്ടന്നൂര്‍, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം. രാജ്യത്ത് തന്നെ ഏറ്റവും ശക്തമായ സി.പി.എം കേഡര്‍മാരുള്ള ജില്ലയിലെ ഈ ലോകസഭ മണ്ഡലം ഇത്തവണ എന്തായാലും തിരിച്ചു പിടിച്ചിരിക്കും എന്ന വാശിയില്‍ തന്നെയാണ് സി.പി.എം. പ്രവര്‍ത്തകരും മുന്നോട്ടു പോകുന്നത്. ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആണ് അവരും ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ പിടിക്കാന്‍ കെ.കെ ശൈലജ ടീച്ചറെ സി.പി.എം നിയോഗിച്ചില്ലെങ്കില്‍ പിന്നെ ഏറെ സാധ്യതയുള്ളത് മുന്‍ എം.എല്‍.എ ജയിംസ് മാത്യുവിനാണ്. ടി.വി രാജേഷിനെ പോലെ തന്നെ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും മികച്ച പ്രതിച്ഛായയുള്ള നേതാവാണ് ജയിംസ് മാത്യു. പി.പി ദിവ്യയും കണ്ണൂരിലെ പരിഗണന ലിസ്റ്റില്‍ ഇടംപിടിച്ചേക്കും.

സി.പി.എം അഭിമാന പോരാട്ടമായി കാണുന്ന മറ്റൊരു മണ്ഡലം വടകരയാണ്. പി.ജയരാജനെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണ് കെ. മുരളീധരന്‍ ഈ ലോകസഭ മണ്ഡലം കോണ്‍ഗ്രസ്സിനായി നിലനിര്‍ത്തിയിരുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കൊയ്‌ലാണ്ടി, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വടകര ലോകസഭ മണ്ഡലം. ആര്‍.എം.പിയുടെ ഉദയത്തോടെയാണ് ഈ ചുവപ്പ് കോട്ടയില്‍ വിള്ളല്‍ വീണു തുടങ്ങിയിരുന്നത്.

ഇതിനൊരു പരിഹാരം 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിലെ വിജയമാണെന്നാണ് സി.പി.എം കരുതുന്നത്. കണ്ണൂരില്‍ കെ.കെ ശൈലജയെ മത്സരിപ്പിച്ചില്ലെങ്കില്‍ വടകരയില്‍ അവര്‍ക്കു നറുക്ക് വീഴാന്‍ അതുകൊണ്ടു തന്നെ സാധ്യത ഏറെയാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരും വടകരയിലെ പരിഗണനാ പട്ടികയിലുണ്ടാകും.

കോഴിക്കോട് ലോകസഭ മണ്ഡലത്തിലും ഇത്തവണ തീപാറുന്ന മത്സരം നടക്കും. സിറ്റിംഗ് എം.പിയായ എം.കെ രാഘവന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ വോട്ടായി മാറുന്നതാണ് ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ വിജയത്തിന്റെ പ്രധാന കാരണം. ജനകീയരായ എംപിയും – എംഎല്‍എയും നേര്‍ക്കുനേര്‍ പോരാടിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഹാട്രിക് വിജയം നേടിയത് രാഘവനാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം 85,225 വോട്ടുകളായിരുന്നു. എം.കെ രാഘവന്‍ ആകെ നേടിയത് 4,93,444 വോട്ടുകളാണെങ്കില്‍ സി.പി.എമ്മിലെ എ.പ്രദീപ് കുമാര്‍ നേടിയത് 4,08,219 വോട്ടുകളാണ്. ബി.ജെ.പിയിലെ പ്രകാശ് ബാബുവിന് 1,61,216 വോട്ടുകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിക്കുകയുണ്ടായി.

ഇനിയൊരു അങ്കത്തിനില്ലെന്ന് രാഘവന്‍ പറയുമ്പോള്‍ ആ സീറ്റിന് നോട്ടമിട്ടിരിക്കുന്നത് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാറാണ്. ലോകസഭയിലേക്ക് മത്സരിക്കാന്‍ വലിയ താല്‍പ്പര്യം കാണിക്കാത്ത കെ. മുരളീധരനും മത്സരിക്കുകയാണെങ്കില്‍ വടകരയ്ക്കു പകരം കോഴിക്കോട് സീറ്റ് ലഭിക്കണമെന്ന നിലപാടിലാണുള്ളത്. സി.പി.എം തയ്യാറാക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ്സ് വിട്ടുവന്ന കെ.പി അനില്‍കുമാര്‍ ഉള്‍പ്പെടെ നിരവധി പേരുണ്ടാകുമെങ്കിലും അതില്‍ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ നേതാക്കള്‍ക്കാണ് മുന്‍തൂക്കമുണ്ടാവുക. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെ മലപ്പുറത്തു നിന്നും മാറ്റി പരീക്ഷിക്കാന്‍ സി.പി.എം. തീരുമാനിച്ചാല്‍ കോഴിക്കോട്ട് സാധ്യത തെളിയും.

മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ അവകാശപ്പെടുന്ന മലപ്പുറത്ത് കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വി.പി സാനു കാഴ്ചവെച്ചത് മികച്ച പോരാട്ടമാണ്. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും സമദാനിയിലേക്കെത്തിയപ്പോള്‍ ലീഗിന് നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തോളം വോട്ടുകളാണ്. ഒരു ലക്ഷത്തോടടുത്ത് പുതിയ വോട്ടുകളാണ് മലപ്പുറം മണ്ഡലത്തില്‍ സാനു നേടിയിരുന്നത്. മുസ്ലീംലീഗ് കോട്ടയെ ഉലച്ച ഈ വിദ്യാര്‍ത്ഥി നേതാവിനെ കോഴിക്കോട്ടേക്കു മാറ്റി പരീക്ഷിച്ചാല്‍ ആ മണ്ഡലം തീര്‍ച്ചയായും പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം മുതിര്‍ന്ന സി.പി.എം നേതാക്കളും പങ്കു വയ്ക്കുന്നുണ്ട്.

സാനു അല്ലങ്കില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് കോഴിക്കോട് മത്സരിച്ചേക്കും. ലോകസഭ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യുവ-സ്ത്രീ പ്രാതിനിത്യങ്ങള്‍ ഉറപ്പു വരുത്തുക എന്നത് സി.പി.എമ്മിന്റെ നയമാണ്. ശക്തമായ സംഘടനാ സംവിധാനത്തിനൊപ്പം കൂടുതല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളും ഇത്തവണ ഉണ്ടാകും എന്ന ഉറപ്പാണ് സി.പി.എം സംസ്ഥാന നേതൃത്വവും അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top