ലോക്‌സഭാ തെരഞ്ഞെടുപ്പ്; ടി പി വധക്കേസിലെ ഹൈക്കോടതി വിധി ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയില്‍ ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാന്‍ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരന്‍ വധം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വിശദീകരണം ഇക്കുറിയും ഇടത് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആവര്‍ത്തിക്കേണ്ടി വരും. കെ മുരളീധരന്റെയും കെ കെ ശൈലജയുടെയും ജനകീയ സ്വീകാര്യത വടകരയില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ടിപിയെന്ന നിശബ്ദ സാന്നിധ്യം ഇത്തവണയും വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നാണ് അറിയേണ്ടത്.

2009ല്‍ സിപിഐഎം വിട്ട് ടി പി ചന്ദ്രശേഖരന്‍ ആര്‍ എം പി രൂപീകരിച്ചതിന് പിന്നാലെ കടത്തനാടന്‍ മണ്ണിലെ ഇടത് കോട്ട തകര്‍ന്നതാണ്. എ എന്‍ ഷംസീറിലൂടെയും പി ജയരാജനിലൂടെയും ഇത് തിരിച്ചുപിടിക്കാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. കെ കെ ശൈലജയെ അങ്കത്തട്ടിലേക്കിറങ്ങാനൊരുങ്ങുമ്പോള്‍ ടിപി കേസിലെ വിധി ഉപയോഗിച്ച് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Top