ലോക്സഭാ തെരഞ്ഞെടുപ്പ്;ഡല്‍ഹിയിലും ഹരിയാണയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി

കോണ്‍ഗ്രസുമായി സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡല്‍ഹിയിലും ഹരിയാണയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. സഖ്യധാരണപ്രകാരം ലഭിച്ച ഡല്‍ഹിയിലെ നാലുസീറ്റുകളിലേക്കും ഹരിയാണയിലെ ഒരു സീറ്റിലേക്കുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

To advertise here, Contact Us
ഈസ്റ്റ് ഡല്‍ഹിയില്‍ കുല്‍ദീപ് കുമാറും, ന്യൂഡല്‍ഹിയില്‍ സോമനാഥ് ഭാരതിയും വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയും സൗത്ത് ഡല്‍ഹിയില്‍ സഹി റാം പഹല്‍വാനും മത്സരിക്കും. നാലു സ്ഥാനാര്‍ഥികളില്‍ മൂന്നുപേരും നിലവില്‍ ഡല്‍ഹി എം.എല്‍.എമാരാണ്.

മഹാബല്‍ മിശ്ര വെസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം.പിയായിരുന്നു. 2014-ലും 2019-ലും ഇതേ സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയിലെ പര്‍വേഷ് വെര്‍മയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഗൗതം ഗംഭീറാണ് നിലവില്‍ ഈസ്റ്റ് ഡല്‍ഹി എം.പി. മീനാക്ഷി ലേഖി സിറ്റിങ് എം.പിയായ മണ്ഡലത്തിലാണ് സോമനാഥ് ഭാരതി പോരിനിറങ്ങുന്നത്. സൗത്ത് ഡല്‍ഹിയിലെ നിലവിലെ എം.പി. രമേശ് ബിദൂരിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റിലും ബി.ജെ.പിയാണ് വിജയിച്ചത്.

ഹരിയാണയിലെ കുരുക്ഷേത്രയില്‍ മുന്‍ രാജ്യസഭാ എം.പി. സുശീല്‍ ഗുപ്തയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. നേരത്തെ അസമിലെ മൂന്ന് മണ്ഡലത്തിലും ഗുജറാത്തിലെ രണ്ടിടത്തും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

Top