ലോക്സഭ തെരഞ്ഞെടുപ്പ്;കോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ രാവിലെ പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.

സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർ‌ന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിർത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്. ഗുജറാത്തിലാണ് ഇപ്പോൾ അദ്ദേഹം.

കേരളം, തെലങ്കാന, കർണാടക, ഛത്തിസ്​ഗ‍ഡ്, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. മുൻധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോൺഗ്രസിന്റെ  പ്രകടന പത്രികയുടെ കരട് ഖർഗെയ്ക്ക് കൈമാറി. ഇതിൽ സിഇസി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.

Top