രാഷ്ട്രീയത്തിലെ അതികായകനെതിരെ കന്നിയങ്കം കുറിയ്ക്കാന്‍ ഒരുങ്ങി ഈ യുവ സഖാവ്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിതാവിനെ തോല്‍പ്പിച്ചയാള്‍ക്കെതിരെ മലപ്പുറത്തു നിന്ന് പോരാടുവാന്‍ ഒരുങ്ങുകയാണ് എസ്.എഫ്.ഐയുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.പി. സാനു. കേരള രാഷ്ട്രീയത്തിലെ തന്നെ മികച്ച നേതാവിനെതിരെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ സാനുവിന്റെ കന്നിയങ്കമെന്നത് വളരെ പ്രധാനമാണ്.

ഒരുപക്ഷെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാവും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ സാനു. ചെറുപ്പത്തിന്റെ ആവേശവും പ്രസംഗത്തിലെ മികവുമായാണ് മലപ്പുറത്ത് സി.പി.എം സ്ഥാനാര്‍ത്ഥിയായി സാനു എത്തുന്നത്.

ലോക്സഭ പരിധിയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പച്ചക്കൊടി പാറുന്നയിടത്തേക്കാണ് യുവത്വത്തിന്റെ പോരാട്ട വീര്യവുമായി വി.പി. സാനു എത്തുക. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിര്‍ന്ന നേതാവുമായ വി.പി. സക്കറിയയുടെ മകനായ വി.പി. സാനു ബാല സംഘത്തിലൂടെയായിരുന്നു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് കൂടിയായ സക്കറിയയുടെ ജീവിതം തന്നെയാണ് സാനുവിനെയും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിച്ചത്. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, 2006ല്‍ ജില്ലാ സെക്രട്ടറി പദങ്ങള്‍ക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് സാനു എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്, ഏരിയാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും സാനു വഹിച്ചു.

Top