ജനകീയ വിഷയങ്ങളിലാണ് ശ്രദ്ധ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

rajanikanth

ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനീകാന്ത് മത്സരരംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ച് രജനീകാന്ത് എത്തിയിരിക്കുന്നത്.

ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്നും സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തവണ മത്സരിക്കാനില്ല. ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല, രജനീകാന്ത് വ്യക്തമാക്കി.

2017 ഡിസംബര്‍ 31നാണ് രാഷ്ട്രീയരംഗത്തേക്കിറങ്ങുന്ന കാര്യം രജനീകാന്ത് പ്രഖ്യാപിച്ചത്. ഇപ്പോള്‍ രജനി മക്കള്‍ മന്‍ട്രം എന്ന സന്നദ്ധസംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് രജനീകാന്ത്.

അതേസമയം, ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് അതിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളിലാണ് കമല്‍ഹാസനിപ്പോള്‍. താന്‍ മത്സരിക്കുമോ എന്നത് പാര്‍ട്ടി അംഗങ്ങള്‍ തീരുമാനിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്.

Top