രാഹുലും പ്രിയങ്കയും വീണ്ടും കേരളത്തിലേക്ക് ; രണ്ട് ദിവസം പ്രചാരണം

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10 ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും, 11.30 ന് പത്തനംതിട്ടയിലും, വൈകിട്ട് 4 ന് ആലപ്പുഴയിലും പ്രസംഗിക്കും. 6 മണിക്കാണ് തിരുവനന്തപുരത്തെ പൊതുസമ്മേളനം.

ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാട് പ്രചാരണം നടത്തും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകിട്ട് വണ്ടൂരും തൃത്താലയിലുമാണ് പൊതുപരിപാടികള്‍.

അന്തരിച്ച മുന്‍മന്ത്രി കെ.എം മാണിയുടെ വസതിയും രാഹുല്‍‌ സന്ദര്‍ശിക്കും. 16ന് രാത്രി കണ്ണൂരില്‍ തങ്ങുന്ന രാഹുലിന് പിറ്റേന്ന് കണ്ണൂരില്‍ തന്നെയാണ് ആദ്യ പരിപാടി. റോഡ് ഷോയിലടക്കം പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് തിരിക്കും. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് റാലികളെ രാഹുല്‍ അഭിസംബോധന ചെയ്യും.

ശനിയാഴ്ച കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ട് ദിവസം വയനാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രചാരണം നടത്തും. 20ന് കേരളത്തിലെത്തുന്ന പ്രിയങ്ക വയനാട്ടില്‍ കര്‍ഷകരുമായും ആദിവാസികളുമായും കൂടിക്കാഴ്ച നടത്തും. ചില കുടുംബ യോഗങ്ങളില്‍ കൂടി പങ്കെടുത്ത ശേഷം 21ന് ഏറനാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിക്കും. അന്ന് റോഡ് ഷോയും സംഘടിപ്പിക്കാനാണ് കെ.പി.സി.സി തീരുമാനം.

Top