രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ മനപ്രയാസമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ലീഗിന്റെ ആശങ്ക തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതില്‍ താന്‍ വിമര്‍ശിച്ചത് സിപിഐഎമ്മിനെയല്ലെന്നും ഡല്‍ഹി ഇടപെടലിനെ കുറിച്ച് പിന്നീട് വിശദീകരിക്കാമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ പ്രതിഷേധവുമായി മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടനപത്രിക ഏപ്രില്‍ 2ന് ഇറങ്ങും മുമ്പായി പ്രഖ്യാപനം നടത്താനാണ് ശ്രമം. രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇന്ന് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ പങ്കെടുക്കും.

രണ്ടാം മണ്ഡലമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഗണിക്കാന്‍ സാധ്യതയുള്ള വയനാട്ടിലും കര്‍ണാടകയിലെ ബീദറിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാള്‍ സൂചന നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ മത്സരിച്ചാല്‍ വിജയ സാധ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ രണ്ടാം സീറ്റില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട് പരിഗണിക്കാനാണ് സാധ്യത.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാഹുല്‍ ആന്ധ്രയിലേക്കു പ്രചാരണത്തിനു പോകുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിലുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

Top