രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നില്ലെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത എത്തിയതോടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു വിധത്തിലും ഭയപ്പെടുത്തുന്നതല്ലെന്നാണ് കോടിയേരി പറഞ്ഞത്. രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നും വയനാട്ടിലും അമേഠിയിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ ഏത് മണ്ഡലത്തിലെ ജനപ്രതിനിധിസ്ഥാനം രാജിവയ്ക്കുമെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തു നില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Top