നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; അവസാന തിയ്യതി ഏപ്രില്‍ നാല്

Tripura vote

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക നൽകാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്.

പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മേയ് 23 നാണ്.

വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് പത്രിക നൽകേണ്ടത്. ഒരു സ്ഥാനാർഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം.

പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്‍. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം.

25000 രൂപയാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

Top