തമിഴ് നാടിലെ വെല്ലൂര്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി

ചെന്നൈ : തമിഴ് നാടിലെ വെല്ലൂര്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി. പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക.

ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി ദുരൈ മുരുകന്റെ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത വന്‍ തുക പിടിച്ചെടുത്തിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നു എ.ഐ.എ. ഡി.എം.കെ പരാതി നല്‍കിയിരുന്നു.

ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈമുരുകന്‍റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോ‍ഡൗണില്‍ നിന്ന് 11.5കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം.

ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കതിര്‍ ആനന്ദിനെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്.

Top