രാജി സന്നദ്ധത ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; വേണ്ടെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷ പദവി ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി അറിയിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധി രാജി വെയ്‌ക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ച് പരിശോധിക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി രാജിവയ്ക്കണ്ടതില്ലെന്ന് നേരത്തെ തന്നെ അനുകൂലിക്കുന്നവര്‍ അറിയിച്ചിരുന്നു.

അതേസമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തര്‍ക്കമാണെന്ന വിമര്‍ശനവും ശക്തമാണ്. ഇതും കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചര്‍ച്ചയില്‍ വരും.

പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.

Top