വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉണ്ടന്നും അത് ഉണ്ടായാല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കുവാന്‍ ഡല്‍ഹിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുല്‍ വരുന്നതോടെ ഇടതുപക്ഷത്തിന്റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ വരരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമുള്ളത്. ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യമുന്നയിച്ചു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നും എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് രാഹുല്‍ വരണമെന്ന് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top