ഇടതുപക്ഷത്തിനേറ്റത് താൽകാലിക പരാജയം കൂടുതൽ കരുത്തോടെ തിരിച്ചുവരും: ഡി.വൈ.എഫ്.ഐ

dyfi11

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണ്. എന്നാല്‍ ഇത് താല്‍കാലികമായ പരാജയം മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനെ തുരത്തുന്നതിന് മതന്യൂനപക്ഷം ഉള്‍പ്പെടെയുള്ള മതേതര വിശ്വാസികള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്യുകയായിരുന്നു. ഇത് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതു മാത്രമാണ്. ഇതൊരു സ്ഥായിയായ രാഷ്ട്രീയ പ്രതിഭാസമല്ല. കൂടുതല്‍ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ പുരോഗമന സ്വഭാവത്തെ തകര്‍ക്കുന്നിനും വര്‍ഗീയമായി വിഭജിക്കുന്നതിനും എല്ലാ ശ്രമങ്ങളും ആര്‍.എസ്.എസിനൊപ്പം കോണ്‍ഗ്രസും നടത്തിയെന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. താല്‍കാലികമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് കടുത്ത വര്‍ഗീയ സമീപനങ്ങളായിരുന്നു.

ബിജെപിയുടെ തീവ്ര ഹിന്ദുത്വ നീക്കങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും സഞ്ചരിച്ചു. വര്‍ഗീയമായി കേരളത്തെ വിഭജിച്ച് വോട്ട് നേടാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ അധമമായ രാഷ്ട്രീയ നീക്കങ്ങള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ടോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നാം പരിശോധന നടത്തണം. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍, വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ കേരളമാകെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

കേന്ദ്രത്തില്‍ മോദിക്കെതിരെ മതനിരപേക്ഷ ശക്തികള്‍ക്ക് കൂടുതല്‍ വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയത് എല്ലാ ജനാധിപത്യവിശ്വാസികളെയും ഒരുപോലെ ദു:ഖിപ്പിക്കുന്നതാണ്. മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ പരാജയമാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഇടയാക്കിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Top