ജനവിധിയ്ക്ക് കാതോർത്ത് രാജ്യം ; ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ഭാക്കി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും . ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും. വിജയികളെ ഉച്ചയോടെ തന്നെ അറിയാൻ കഴിയുമെങ്കിലും വൈകുന്നേരം ആറുമണിക്കാവും ഔദ്യോഗിക പ്രഖ്യാപനം .

ആദ്യം പോസ്റ്റല്‍ വോട്ടുകള്‍. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണി തീർന്നിട്ടാകും വിവിപാറ്റുകൾ എണ്ണുക . ഇതോടെ ഫലപ്രഖ്യാപനത്തിന് പത്തു മണിക്കൂർ വരെ വേണ്ടി വരും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുണ്ട്.

ഇവിഎം,വിവിപാറ്റ് വോട്ടെണ്ണലുകളെക്കുറിച്ച്‌ വലിയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നാളെ ഉണ്ടാകാന്‍ സാധ്യതയെന്നാണ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് നാളെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പെരിയയിലും,കല്യോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു .

കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്‌റ അറിയിച്ചു.

22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

Top