ചെങ്ങന്നൂരില്‍ മാത്രമല്ല, ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടി. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ഡിയയിലും നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റിലും പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തി. പതിനൊന്ന് നിയമസഭാ സീറ്റുകളില്‍ കേന്ദ്ര ഭരണപാര്‍ട്ടിയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്.

പതിനൊന്ന് സംസ്ഥാനങ്ങളിലായി നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സംഘപരിവാറിനും ബിജെപിയ്ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്. പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ കോട്ടയായി അറിയപ്പെടുന്ന ശാഹ്‌ഘോട്ട് മണ്ഡത്തില്‍ 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ബീഹാറില്‍ ബിജെപി സിറ്റിങ്ങ് സീറ്റായ ജോഘിഹട്ട് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും പിടിച്ചെടുത്തു.

ഉത്തര്‍പ്രദേശിലെ കയ്‌റാന സിറ്റിങ്ങ് സീറ്റ് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബുസും ഹസന്‍ പിടിച്ചെടുത്തു. ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍ക്ക് പിന്നാലെ കയ്‌റാനയും കൈവിട്ടത് യോഗി ആദിത്യനാഥിനും സംഘത്തിനും വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ട് നേടി സമാജ്‌വാദി സ്ഥാനാര്‍ത്ഥി വിജയം കൊയ്തു.

എന്നാല്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്താനായത് ബിജെപിയ്ക്ക് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ മറ്റൊരു സിറ്റിങ്ങ് സീറ്റായ ഭണ്ഡാരഗോണ്ടിയ മണ്ഡലത്തില്‍ എന്‍.സിപി വിജയക്കൊടി പാറിച്ചു.

നാഗാലാന്റില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍.ഡിപിപി സീറ്റ് നിലനിറുത്തിയിട്ടുണ്ട്. പതിനൊന്ന് സീറ്റുകളില്‍ ഉത്തരാഖണ്ഡിലെ തരാളി മണ്ഡലം ഒഴികെ പത്തിടത്തും ബിജെപി പരാജയമാണ് ഏറ്റുവാങ്ങിയത്.

ബീഹാറില്‍ നിധീഷ്‌ലാലു പോരാട്ടമായി വിലയിരുത്തിയ ജോഘിഹട്ട് ഉപതിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റ ആര്‍ജെഡി നാല്‍പത്തിനായിരത്തിലേറെ വോട്ടിന് വിജയിച്ചു.

പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ കോട്ടയായി അറിയപ്പെടുന്ന ഷാഹ്‌ഘോട്ടില്‍ 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അട്ടിമറി വിജയമാണ് നേടിയത്.

അഴിമതി കേസില്‍ എംഎല്‍എമാര്‍ ജയിലിലായതിനാല്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്ന ജാര്‍ഖണ്ഡിലെ ഗോമിയ,സിറ്റി മണ്ഡലങ്ങള്‍ ജെ.എം.എം നിലനിറുത്തിയപ്പോള്‍ പശ്ചിമബംഗാളിലെ മഹേശ്ത്താലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം കണ്ടു. മേഘാലയിലെ അമപാട്ട് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മുഗള്‍ സാഗ്മയുടെ മകന്‍ മിയാനി ഡി ശര്‍മ്മ വിജയിച്ചു.

ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് 22 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയക്കൊടു പാറിച്ചു. കര്‍ണ്ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാല്‍പത്തിനാലായിരത്തിലേറെ വോട്ടിനാണ് വിജയിച്ചത്.

Top