തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് പാസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കണമെന്ന് ഡിജിപി

loknath behra

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് പാസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്നും ബെഹ്റ അറിയിച്ചു.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീര്‍ഥാടകര്‍ അവരവരുടെ പ്രദേശത്തെ പൊലീസ്സ്റ്റേഷനിലാണ് പാര്‍ക്കിങ് പാസിനായി അപേക്ഷിക്കേണ്ടത്. അങ്ങനെ പാസ് കിട്ടാതെ വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്കു മാത്രം നിലയ്ക്കലിലെ പൊലീസ് സ്റ്റേഷനില്‍നിന്നു പാസ് അനുവദിക്കും.

യാത്രചെയ്യുന്നദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയ പാസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനായി കാത്തിരിക്കേണ്ടിവരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടും.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, സ്ഥിരതാമസമാക്കിയ സ്ഥലത്തെ സ്റ്റേഷനില്‍നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നല്‍കണം. അവിടെനിന്നു നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് 13ന് മുന്‍പു കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം.

Top