ന്യൂഡല്‍ഹി: ബി.സി.സി.ഐ ഭാരവാഹികള്‍ക്കെതിരെ കടുത്ത നിലപാടുറപ്പിച്ച് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ബി.സി.സി.ഐയിലെ അംഗങ്ങളെ പുറത്താക്കണമെന്ന് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ അവശ്യപ്പെട്ടു.
കോടതി നിര്‍ദ്ദേശങ്ങള്‍ ധിക്കരിക്കാന്‍ സുപ്രീം കോടതി അനുവദിക്കില്ലെന്നും കൃത്യമായ നടപടി ബി.സി.സി.ഐക്കെതിരെ കൈകൊള്ളുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിക്കുന്നതെന്നും കോടതി നിര്‍ദ്ദേശങ്ങള്‍ ധിക്കരിക്കാന്‍ ബി.സി.സി ഐയെ അനുവദിക്കില്ലെന്നും ടി.എസ് ഠാക്കൂര്‍ വ്യക്തമാക്കി.
ലോധ കമ്മിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ടി.എസ് ഠാക്കൂറിന്റെ പരാമര്‍ശം. ഒക്ടോബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങള്‍ മാത്രമാണ് ഉണ്ടാകേണ്ടതെന്നും അവര്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരാകണമെന്നുമുള്ള ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ തള്ളിക്കളഞ്ഞിരുന്നു. സെപ്തംബര്‍ 21ന് മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകനം മാത്രമേ ജനറല്‍ ബോഡിയിലുണ്ടാകാവൂയെന്ന് ലോധ കമ്മിറ്റി വാര്‍ഷിക യോഗത്തിന് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബി.സി.സി.ഐ അത് ലംഘിക്കുകയായിരുന്നു. പുതുതായി നിയമനങ്ങളോ പരിഷ്‌കരണങ്ങളോ നടത്തിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ലോധ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബി.സി.സി.ഐ ഇതൊന്നും കണക്കിലെടുക്കാതെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. അഴിമതി തുടച്ചു കളഞ്ഞ് ക്രിക്കറ്റിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്