വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; ഡ്രോണുകളുപയോഗിച്ച് തുരത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ഗുരുഗ്രാം: ഉത്തരേന്ത്യയില്‍ രൂക്ഷമായ വെട്ടുകിളി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

60 കണ്‍ട്രോള്‍ ടീമുകളും 12 ഡ്രോണുകളും ഉപയോഗിച്ചാണ് നിയന്ത്രണ പ്രവര്‍ത്തനം. രാജസ്ഥാനിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് വെട്ടുകിളിയെ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി. ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമില്‍ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കൃഷിയിടങ്ങള്‍ക്ക് പിന്നാലെ നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഉള്‍പ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാര്‍ പരിഭ്രാന്തിയിലായി. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹി അതിര്‍ത്തി വഴി ഉത്തര്‍പ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. ഹരിയാനില്‍ നിലവില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളില്‍ വലിയ കൃഷി നാശം വെട്ടുകിളികള്‍ വരുത്തിയിരുന്നു. ഈ മാസം ആദ്യവാരം കാലവര്‍ഷമെത്തിയതോടെ വെട്ടുകിളി സംഘം രാജസ്ഥാന്‍, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ അനൂകൂല കാലവസ്ഥ ആയതോടെയാണ് വീണ്ടും സഞ്ചാരം തുടങ്ങിയത്.

Top