ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യന്‍ ജില്ലകളില്‍ വീണ്ടും വെട്ടുകിളി ആക്രമണ ഭീഷണി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ ജില്ലകളില്‍ വീണ്ടും വെട്ടുക്കിളി ആക്രമണ ഭീഷണിയില്‍. ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാറ്റിന്റെ ദിശയനുസരിച്ച് വെട്ടുകിളികള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമില്‍ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കൃഷിയിടങ്ങള്‍ക്ക് പിന്നാലെ നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഉള്‍പ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാര്‍ പരിഭ്രാന്തിയിലായി. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹി അതിര്‍ത്തി വഴി ഉത്തര്‍പ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. ഹരിയാനില്‍ നിലവില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നഗരമേഖലകള്‍ സഞ്ചാരപാതിയില്‍ ഉള്‍പ്പെട്ടതോടെ ജനങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. വെട്ടുകിളി വീടിനകത്ത് കയറാതിരിക്കാന്‍ വാതിലുകളും ജനാലകളും അടച്ചിടുക. ചെടികള്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടു മൂടുക, വലിയ ശബ്ദം ഉണ്ടാക്കി ഇവയെ അകറ്റുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നഗരത്തിലെ താമസക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളില്‍ വലിയ കൃഷി നാശം വെട്ടുകിളികള്‍ വരുത്തിയിരുന്നു. ഈ മാസം ആദ്യവാരം കാലവര്‍ഷമെത്തിയതോടെ വെട്ടുകിളി സംഘം രാജസ്ഥാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ അനൂകൂല കാലവസ്ഥ ആയതോടെയാണ് വീണ്ടും സഞ്ചാരം തുടങ്ങിയത്.

Top