ഇന്ത്യയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; കീടനാശിനി തളിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വന്‍നാശം വിതച്ച വെട്ടുകിളികളെ തുരത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് കേന്ദ്രം.പ്രധാനമായും രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്.രാജസ്ഥാനിലെ 21 ജില്ലകളിലും, മധ്യപ്രദേശില്‍ 18 ജില്ലകളിലും, ഗുജറാത്തിലെ രണ്ടുജില്ലകളിലും പഞ്ചാബിലെ ഒരു ജില്ലയിലും വെട്ടുകിളി നിയന്ത്രണത്തിനായി ഇതിനകം നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നാലുസംസ്ഥാനങ്ങളിലായി 47,308 ഹെക്ടര്‍ പ്രദേശങ്ങളില്‍ ഇതിനകം വെട്ടുകിളി ശല്യം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.
രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച ശേഷം ഇവ ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്കാണ് പ്രവേശിച്ചത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വെട്ടുകിളിശല്യം ഇത്ര രൂക്ഷമാകുന്നത്.

ഇത് ഒരു പുതിയ പ്രശ്‌നമല്ല. ഞങ്ങള്‍ വളരെക്കാലമായി ഇത് അഭിമുഖീകരിക്കുന്നുണ്ട്. ഈ വര്‍ഷം കഴിഞ്ഞ 26 വര്‍ഷത്തേക്കാള്‍ രൂക്ഷമായ വെട്ടുകിളിശല്യമാണ് ഉണ്ടായതെന്ന് ഫരീദാബാദിലുള്ള ലോകസ്റ്റ് വാണിങ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. മതിയായ തീറ്റ കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോള്‍ കാറ്റിന്റെ സഹായത്തോടെ മറ്റുപ്രദേശങ്ങളിലേക്ക് ഇവ നീങ്ങുമെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

40,000 ഹെക്ടര്‍ കൃഷിയിടത്തില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മൊഹപത്ര പറഞ്ഞു. എന്നാല്‍ റാബി വിളകളായ ഗോതമ്പ്, പയറുവര്‍ഗങ്ങള്, എണ്ണക്കുരുക്കള്‍ എന്നിവയെ ഇവ ആക്രമിക്കുന്നില്ല. ആഫ്രിക്കയില്‍നിന്നു തുടങ്ങി ബലൂചിസ്താനിലും ഇറാനിലും പാകിസ്താനിലും മുട്ടയിട്ടുപെരുകി രാജസ്ഥാന്‍ മരുഭൂമിയിലൂടെയാണ് വെട്ടുകിളികള്‍ ഇന്ത്യയിലെത്തിയത്.

Top