മണിക്കൂറുകളോളം സ്‌കൂള്‍ വാനില്‍ കുടുങ്ങി ; ആറ് വയസുകാരന്‍ മരിച്ചു

school-bus

ഭോപ്പാല്‍: മണിക്കൂറുകളോളം സ്‌കൂള്‍ വാനില്‍ കുടുങ്ങിയ ആറ് വയസുകാരന്‍ മരിച്ചു. സായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നൈതിക് ഗൗര്‍ (6)ആണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. മദ്ധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയിലാണ് സംഭവം.

മാര്‍ച്ച് 20നാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ സ്‌കൂള്‍ വാനില്‍ മറന്ന് വച്ച് വാഹനം പൂട്ടിയിട്ടത്. മണിക്കൂറുകളോളം വണ്ടിയില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ പിന്നീട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടി ഭോപ്പാലിലെ ആശുപത്രിയില്‍ മരിച്ചത്. സ്‌കൂള്‍ അധികൃതര്‍ തന്റെ മകനെ കൊന്നതാണെന്ന് നൈതികിന്റെ അച്ഛന്‍ സുരേഷ് ഗൗര്‍ പറഞ്ഞു. അവര്‍ എന്റെ മകനെ നാല് മണിക്കൂറുകളോളം വാഹനത്തില്‍ പൂട്ടിയിട്ട് കൊല്ലുകയായിരുന്നെന്നും, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് മകന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാന്‍ സ്‌കൂളിലെത്തിയാല്‍ നൈതിക് ഗൗറിനെ സ്ഥിരമായി ഒരു വിദ്യാര്‍ത്ഥിയാണ് ക്ലാസിലേക്ക് എത്തിക്കാറ്. എന്നാല്‍ ആ ദിവസം വിദ്യാര്‍ത്ഥി നൈതികിനെ വാഹനത്തില്‍ നിന്ന് കൂട്ടാന്‍ മറന്നു. വാഹനത്തില്‍ കുട്ടികളുണ്ടോയെന്ന് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാന്‍ പൂട്ടിയതാവാമെന്ന് സ്‌കൂള്‍ ഡയറക്ടര്‍ നിതിന്‍ ഗൗര്‍ പറഞ്ഞു.

അതേസമയം. മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഭോപ്പാലിലെ ടി.ടി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാംകാന്ത് പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top