കോവിഡ് വ്യാപനം രൂക്ഷം ; മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ലോക്ഡൗണ്‍ പിന്‍വലിക്കില്ല

മുംബൈ: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 30-ന് ലോക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച മുതല്‍ മുംബൈയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

‘ആദ്യം നാം വ്യക്തിപരമായി കണ്ടുമുട്ടുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരുടെയും സാഹചര്യം ഒരുപോലെയാണ്. നമുക്ക് ലോക്ഡൗണ്‍ എന്ന വാക്കുമാറ്റിവെക്കാം. നമുക്ക് അണ്‍ലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാം. വളരെ ശ്രദ്ധാപൂര്‍വമാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ഇന്നുമുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നുകഴിഞ്ഞു. എന്നാല്‍ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂണ്‍ 30 ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുത്. ഞാന്‍ നിങ്ങളോട് വീട്ടിലിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്നും ഞാന്‍ പറയുന്നു അനാവശ്യമായി പുറത്തുപോകരുത്.’ താക്കറെ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 1,59,133 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 5318 പുതിയ കേസുകളില്‍ 1,460 ഉം മുംബൈയില്‍ നിന്നാണ്. 73,747 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. 4282 പേര്‍ മരിച്ചു.

Top