ലോക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം; ബിജെപി നേതാവടക്കം 20 പേര്‍ക്കെതിരെ കേസ്

ലക്‌നൗ: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.

ബാരാബങ്കിയിലെ പാനപുര്‍ വില്ലേജില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് സുധീര്‍ സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സുധീറിനെ കൂടാതെ ഇയാളുടെ കുടുംബാംഗങ്ങളായ ചിലര്‍ക്കെതിരെയും ഗ്രാമത്തിലുള്ള മറ്റ് ചിലര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ബാരാബങ്കിയില്‍ കൊവിഡ് ബാധിച്ചയാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നിലവില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി.

Top