ലോക്ക്ഡൗണ്‍ ലംഘിച്ച് ഭക്ഷണ വിതരണം; കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണ വിതരണം നടത്തി. കോഴിക്കോട് കോര്‍പ്പറേഷന് സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസിലാണ് ഉച്ചയോടെ നിരവധിയാളുകള്‍ എത്തി ഭക്ഷണം വിളമ്പിയത്. കോര്‍പ്പറേഷന്‍ കാന്റീന് കൂടിയായതിനാല്‍ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനായുമെത്തിയത്.

കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുക്കുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തു.

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കേയാണ് ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.

Top