മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ്‌

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസിന് അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം.

ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വ്വീസ് ആരംഭിക്കുക. നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വ്വീസ് ഉടന്‍ ആരംഭിക്കും.

പഞ്ചാബ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഈ ട്രെയിന്‍ സര്‍വ്വീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.

ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ റോഡ്മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ച് ഇവിടെ നിന്ന് ട്രെയിനില്‍ അയക്കാനാണ് തീരുമാനം. അതേസമയം, ഈ സര്‍വ്വീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

Top