ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ അടുത്ത തിങ്കളാ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകള്‍ മാത്രമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഇത് ലോക്ഡൗണ്‍ ഇളവുകള്‍ക്കുള്ള സമയമാണെന്നും അല്ലാത്തപക്ഷം ആളുകള്‍ പട്ടിണിമൂലം മരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിര്‍ത്തണമെങ്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും അണ്‍ലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തില്‍ വേണമെന്നാണ് നിര്‍ദേശമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ വ്യാവസായിക മേഖലകളിലെ ഉത്പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടേയും വിദഗ്ധരുടേയും നിര്‍ദേശത്തിന് അനുസരിച്ചാവും ഇളവുകള്‍ പ്രഖ്യാപിക്കുക. കോവിഡ് കേസുകള്‍ വീണ്ടും കൂടിയാല്‍ ഇളവുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top