പട്ടാമ്പിയില്‍ ലോക്ഡൗണ്‍; 47 കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് ദ്രുതപരിശോധനക്ക് തുടക്കമിട്ടു

പാലക്കാട്: സാമൂഹ്യവ്യാപന സാധ്യത തടയാന്‍ പട്ടാമ്പിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തീവ്രബാധിത മേഖലകളിലുള്‍പ്പെടെ 47 കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് ദ്രുതപരിശോധനക്ക് തുടക്കമിട്ടു. പട്ടാമ്പി നഗരസഭയിലും സമീപത്തെ 16 പഞ്ചായത്തുകളുലും കൊവിഡ് 19 രോഗികളുടെ എണ്ണം ഏറുകയാണ്.

ഈ സാഹചര്യത്തിലാണ് മേഖലയില്‍ ദ്രുതപരിശോധന വ്യാപിപ്പിക്കുന്നതും നിയന്ത്രണ കടുപ്പിക്കുന്നതും. അതേസമയം, പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 28 തീവ്രബാധിത മേഖലകളുള്‍പ്പെടെ 47 ഇടങ്ങളിലാണ് വ്യാപനം കൂടുന്നത്. രോഗവ്യാപനം കണ്ടെത്തി തടഞ്ഞില്ലെങ്കില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക് വഴിമാറുമെന്ന ആശങ്കയുമുണ്ട്.

മത്സ്യമാര്‍ക്കറ്റുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. പട്ടാമ്പി മേഖലയിലെ നാല്‍പ്പത്തിയേഴ് കേന്ദ്രങ്ങളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ശരാശരി 500 പേര്‍ക്കാണ് പട്ടാമ്പി ക്ലസ്റ്ററില്‍ ദിവസവും ആന്റിജന്‍ പരിശോധന നടത്തുന്നത്. തൃശൂര്‍, മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലായതിനാല്‍ രോഗവ്യാപനം കൂടുമെന്നും വിലയിരുത്തലുണ്ട്.

Top