മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്​ വരാനുള്ള പാസ് വിതരണം പുനരാരംഭിച്ചു

പാലക്കാട്: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ നല്‍കുന്ന പാസ് വിതരണം പുനരാരംഭിച്ചു. റെഡ് സോണുകളില്‍ നിന്ന് ഒഴികെ വരുന്ന എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം.

ചെക്ക്‌പോസ്റ്റുകളില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിയതല്ലെന്നും ഒരു ക്രമീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് താത്കാലികമായി നിര്‍ത്തിവെച്ചതെന്നും വീണ്ടും പുനരാരംഭിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, അതിര്‍ത്തികളില്‍ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുകയാണ്. സ്വന്തമായി വാഹനമില്ലാത്തവരാണ് പലരും. ഗര്‍ഭിണികളടക്കം നിരവധിപേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിനിടെ അതിര്‍ത്തിവരെ ഒരു വാഹനത്തിലും അവിടെ നിന്ന് കേരളത്തില്‍ ബന്ധുക്കളും മറ്റും ഏര്‍പ്പാടാക്കുന്ന വാഹനത്തിലും കയറ്റിവിടുന്ന ക്രമീകരണങ്ങളും നടത്തിവരുന്നുണ്ട്. അതേസമയം, അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Top