ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ലഖ്നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

പ്രയാഗ് രാജ്, ലഖ്നൗ, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളിലെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളെ കോവിഡ് ദുര്‍ബലമാക്കിയെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ സര്‍ക്കാരിന് ജനങ്ങളുടെ ജീവനേയും ജീവിതത്തേയും സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ പ്രതികരണം.

ലോക്ഡൗണിന് പുറമേ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ വിവാഹമുള്‍പ്പടെയുളള ആള്‍ക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികള്‍ നടത്തരുതെന്നും കോടതി പറഞ്ഞിരുന്നു. വിവാഹത്തില്‍ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു.

 

Top