ലോക്ഡൗണ്‍ നീട്ടുമോ? സൂചന നല്‍കി മോദി; അന്തിമ തീരുമാനം ശനിയാഴ്ച അറിയാം !

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരമോ എന്നതില്‍ അന്തിമതീരുമാനം ശനിയാഴ്ച ഉണ്ടായേക്കാം. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്.

മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസ്ഥാനമുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും ലോക്ഡൗണ്‍ നീട്ടണകാര്യത്തില്‍ അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക.

കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

”ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം കേള്‍ക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഭാഗികമായി നീക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു”, എന്നും മോദി വ്യക്തമാക്കി.

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

ലോക്ക്ഡൗണ്‍ ഒന്നിച്ച് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഘട്ടംഘട്ടമായായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുക. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5,194 ആയി. 149 പേരാണ് ഇതുവരെ മരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കോവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.

Top