ലോക്ക്ഡൗണ്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം; മാര്‍ഗനിര്‍ദേശങ്ങളായി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

‘സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താം.’ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.

ഡിസംബര്‍ ഒന്നു മുതലായിരിക്കും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത്. ഡിസംബര്‍ 31 വരെയായിരിക്കും പ്രാബല്യം. ഓണം, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലും, ശൈത്യകാലം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ, പൊലീസ്, മുനിസിപ്പല്‍ അധികൃതര്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ തലത്തില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്സൈറ്റുകളില്‍ അതത് ജില്ലാ കളക്ടര്‍മാരും, സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ അറിയിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അനുമതിയുള്ളൂ.

ചികിത്സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെയുളള ആളുകള്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. വീടുകള്‍ തോറും നീരീക്ഷണം പ്രോട്ടോക്കോള്‍ പ്രകാരമുളള പരിശോധന സമ്പര്‍ക്ക പട്ടിക കൃത്യമായി വേഗത്തില്‍ കണ്ടെത്തുക. കോവിഡ് രോഗികളെ വേഗത്തില്‍ ഐസൊലേഷനിലാക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുക. തുടങ്ങിയവയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

അന്താരാഷ്ട്ര വിമാനയാത്രക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ശേഷിയുടെ അമ്പതു ശതമാനം മാത്രം അനുവദിച്ചുകൊണ്ട് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക, കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രം സ്വിമ്മിങ് പൂളുകള്‍ തുറക്കുക, ബിസിനസ് ആവശ്യത്തിന് മാത്രം എക്സിബിഷന്‍ ഹാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ഇതല്ലാതെയുളള കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തെ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

സാമൂഹിക/മതപര/ കായിക/ വിനോദ/ വിദ്യാഭ്യാസ/ സാംസ്‌കാരിക ഒത്തുചേരലുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം പരിപാടി നടക്കുന്ന ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം ആയിത്തന്നെ തുടരും. അടച്ചിട്ട സ്ഥലങ്ങളില്‍ 200 പേര്‍ക്കും, തുറന്ന സ്ഥലങ്ങളില്‍ മൈതാനത്തിന്റെ വലിപ്പവും അനുസരിച്ചായിരിക്കും ഇത്. സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ 200 പേര്‍ക്ക് എന്നുളളത് നൂറായി കുറയ്ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Top