ലോക്ക്ഡൗണ്‍; ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതിയില്‍ ഇടിവ്

മുംബൈ: ലോക്ക്ഡൗണില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തിലെ കയറ്റുമതി 60.28 ശതമാനം ഇടിഞ്ഞ് 10.36 ബില്യണിലേക്കെത്തി. ഇറക്കുമതിയിലും ഇടിവുണ്ടായി. 58.65 ശതമാനം ഇടിഞ്ഞ് 17.12 ബില്യണ്‍ ഡോളറിലേക്കെത്തി.

ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷം 41.4 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ 15.33 ബില്യണ്‍ ഡോളറില്‍ നിന്ന് വ്യാപാര കമ്മി 6.76 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. മാര്‍ച്ച് മാസത്തിലെ രാജ്യത്ത് നിന്നുള്ള കയറ്റുമതി 34.57 ശതമാനം ഇടിഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഭരണ മേഖലയില്‍ 98.74 ശതമാനവും ലെതര്‍ മേഖലയില്‍ 93.28 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 66.22 ശതമാനവും എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 64.76 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. 4.66 ബില്യണ്‍ ഡോളറിന്റെ ഇന്ധന ഇറക്കുമതിയാണ് ഏപ്രിലില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 59.03 ശതമാനമാണ് ഇന്ധന ഇറക്കുമതിയില്‍ ഇടിവുണ്ടായത്.

Top