സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പോലീസ് എടുക്കുക.

ലോക്ഡൗണില്‍ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തില്‍ സത്യവാങ്മൂലവും കരുതിയിരിക്കണം. ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തര ഘട്ടത്തില്‍ മരുന്ന് ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി പൊലീസിന്റെ സഹായം തേടാം.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇടപാടുകള്‍ രാവിലെ 10 മണി മുതല്‍ രണ്ടുവരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മാണസ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള സൗകര്യം കരാറുകാരന്‍ ഒരുക്കണം. അതിന് കഴിയില്ലെങ്കില്‍ യാത്രാസൗകര്യം നല്‍കണം.

ക്രമീകരണങ്ങള്‍ ഇവയെല്ലാം

പൊതുഗതാഗതമില്ല

  • ജില്ല കടക്കാന്‍ സത്യവാങ്മൂലം വേണം
  • ബാങ്കുകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം
  • വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്
  • മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
  • തട്ടുകടകള്‍ പാടില്ല, സമൂഹ അടുക്കള തുറക്കും
  • ഹാര്‍ബര്‍ ലേലം നിര്‍ത്തി
  • ചിട്ടിതവണ പിരിവിന് വിലക്ക്
  • ചരക്കുഗതാഗതത്തിന് തടസ്സമില്ല
  • കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും യാത്രാനുമതി.
  • ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
  • വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം.
  • കള്ളുഷാപ്പുകള്‍ അടച്ചു
  • മാധ്യമപ്രവര്‍ത്തകരെ തടയില്ല.

 

Top