ലോക്ഡൗണില്‍ ലോക്കായി കേരളം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ ആകെ അടഞ്ഞ് കേരളം.

സമ്പൂര്‍ണ ലോക് ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ച് പൊലീസ് കര്‍ശന പരിശോധനയാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്.

അനാവശ്യമായി പുറത്തിറങ്ങിയെന്ന് ബോധ്യമായാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കം നടപടികളിലേക്കും നിയമപാലകര്‍ കടക്കുന്നുണ്ട്. ഇടയ്ക്ക് അയഞ്ഞിരുന്ന പൊലീസ് ഇന്ന് നിരീക്ഷണ സംവിധാനങ്ങളെല്ലാം ശക്തമാക്കി.

പ്രധാന ജംങ്ഷനുകളിലെല്ലാം കര്‍ശന പരിശോധനയാണ് നടക്കുന്നത്.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ പോലുമില്ല. ഹോം ഡെലിവറി മാത്രം. എറണാകുളത്ത് ദേശീയപാതയിലെ പരിശോധനയില്‍ അനാവശ്യ യാത്രക്ക് പുറത്തിറങ്ങിയവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു.

പൊലീസ് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസും രണ്ട് ദിവസത്തേക്ക് നിര്‍ത്തി. ജനം പുറത്തിറങ്ങിയത് ആശുപത്രി കേസുകളടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് മാത്രം.

തലസ്ഥാനത്ത് മറ്റ് ദിവസങ്ങളേക്കാള്‍ തിരക്ക് നന്നേ കുറഞ്ഞു. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വന്നില്ല. കൊച്ചിയില്‍ ദേശീയപാതയില്‍ തിരക്ക് കുറവില്ല. പക്ഷെ അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്.

വടക്കന്‍ കേരളത്തിലും സമാനസ്ഥിതിതന്നെയാണ് നിലവിലുള്ളത്. ഇന്നലെ ഇളവുകള്‍ നല്‍കി തുറന്ന സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു സംസ്ഥാന വ്യാപകമായി അനുഭവപ്പെട്ടത്.

കേസുകള്‍ കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വളരെ പതുക്കെയാണ്. 16 വരെ നീട്ടിയ ലോക്ക്ഡൗണില്‍ തുടര്‍ന്നുള്ള ഇളവുകള്‍ക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ നിര്‍ണായകമാണ്.

 

Top